Friday, September 20, 2019

തൃപ്തികല്യാണി ഡയറിയി



തൃപ്തി കല്യാണി
സദ്യാലയം
വാഴോട്, തട്ടത്തുമല
ഫോൺ: 9446272270, 9446852242
………………………………………………….

തൃപ്തികല്യാണിയിലെ  സന്ദർശക ഡയറിയിൽ നിങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പരും തൊഴിലും എഴുതി നിങ്ങളുടെ സന്ദർശനം രേഖപ്പെടുത്തുന്നത് ഞങ്ങൾക്ക് സന്തോഷമായിരിക്കും. തൃപ്തി കല്യാണിയെ സംബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും സന്ദർശക ഡയറിയിൽ എഴുതാവുന്നതാണ്.

തൃപ്തി കല്യാണി പ്രവർത്തകർ

Wednesday, September 11, 2019

വാപ്പയുടെ ഓർമകളിൽ

വാപ്പയുടെ ഓർമ്മകളിൽ


എൺപത്തിയേഴാം വയസ്സിൽ മരണപ്പെട്ട എന്റെ പിതാവിനെക്കുറിച്ച് നിരന്തരമെഴുതുമ്പോൾ നിങ്ങളിൽ പലരും ചിന്തിച്ചേക്കാം ഓ, ഇവനു മാത്രമേ  അച്ഛനുണ്ടായിരുന്നുള്ളോ  ഇത്രമാത്രം ഓർക്കാനും എഴുതാനും ഒരു വാർദ്ധക്യമരണത്തിൽ  എന്തിരിക്കുന്നുവെന്ന്! എന്നാൽ എനിക്ക് എന്തിനെക്കാളും, എല്ലാറ്റിനെക്കാളും വലുത് എന്റെ പിതാവായിരുന്നു. അതെ, ദൈവത്തെക്കാളും ഉയരെയായിരുന്നു അദ്ദേഹത്തിന് എന്റെ മനസ്സിലുള്ള സ്ഥാനം. എന്റെ മതാവിനും അതുതന്നെ സ്ഥാനം. അതുകൊണ്ട് ഇടയ്ക്കിട  എന്റെ വാപ്പായെകുറിച്ച് എഴുതിയും പറഞ്ഞും ഞാനെന്റെ ഓർമ്മകളിൽനിന്ന്  മായാതെ മറയാതെ ജീവിപ്പിക്കും. അതെന്റെ ആത്മസായൂജ്യമാണ്. എന്റെ ഓർമ്മകളിൽ, എന്റെ ചിന്തകളിൽ, എന്റെ ഓരോ നാഡിഞരമ്പിലും  അദ്ദേഹം ഒരിക്കലും മരിക്കാത്ത ഒരു അമാനുഷനാണ്.  മാതാപിതാക്കളെ അളവറ്റ്  സ്നേഹിക്കുന്ന ഏതൊരാൾക്കുമുള്ള സമർപ്പണം കൂടിയാണ് എന്റെ ഈ സ്മരണാഞ്ലികൾ! ജീവിച്ചിരിക്കുമ്പോൾ നമുക്ക് വേണ്ടപ്പെട്ടൊരാളുടെ വില നമ്മളിൽ എല്ലാവരും മനസ്സിലാക്കിയെന്നിരിക്കില്ല.

എന്റെ സ്നേഹനിധിയായ,  കരുണാമയനായ –ക്ഷമിക്കുക അങ്ങനെയല്ലാതെ അദ്ദേഹത്തെപ്പറ്റി എനിക്ക് ഒന്നും പറഞ്ഞു തുടങ്ങാനാകില്ല- വാപ്പ എ. ഇബ്രാഹിംകുഞ്ഞ്സാർ മരണപെട്ടത് കഴിഞ്ഞ തിരുവോണനാളിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് എൺപത്തിയേഴ് വയസ്സ് പ്രായമുണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച് എന്നെ ആശ്വസിപ്പിക്കുന്ന ഒരു ഘടകമേയല്ല. നൂറു വയസ്സോ അതിനുമപ്പുറമോ അദ്ദേഹം ജീവിച്ചിരിക്കണമെന്ന അത്യാഗ്രഹവുമായി വാപ്പയെ ശുശ്രൂഷിച്ചുപോന്ന ഞങ്ങൾക്ക് വാപ്പയുടെ മരണം എൺപത്തിയേഴാം വയസ്സിലും അകാലത്തിലെ മരണമാണ്. കാരണം അദ്ദേഹം ഒപ്പമില്ലാത്ത ഒരു ജീവിതം സങ്കല്പിക്കാനേ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. അത്രമേൽ നമ്മളെ സ്നേഹിച്ച, നമ്മൾ  സ്നേഹിച്ച് കൊതിതീരാത്ത, നമ്മളെ സ്നേഹിച്ച്  കൊതി തീരാത്ത അതിരുകളില്ലാത്ത സ്നേഹത്തിന്റെ,  കാരുണ്യത്തിന്റെ ഒരു കലവറയായിരുന്നു  അദ്ദേഹം.
കഴിഞ്ഞ വർഷം ഇതുപോലൊരു  തിരുവോണനാളിലും വപ്പയെയും കൊണ്ട്  ഞാനും ഉമ്മയും ആശുപത്രിയിലായിരുന്നു. കുറെ ദിവസമായിരുന്നു ആശുപത്രിയിൽ എത്തിയിട്ട്. രാവിലെ അല്പം പ്രയാസങ്ങൾ പ്രകടിപ്പിച്ചെങ്കിലും അന്നുതന്നെ നീണ്ടൊരുറക്കത്തിലേയ്ക്ക് വഴുതി വിഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഇഞ്ചക്ഷന്റെ ബലത്തിൽ സുഖമായൊന്നുറങ്ങുന്നത് കണ്ട് ദിവസങ്ങളോളമുള്ള ഉറക്കമില്ലായ്മയിൽ നിന്ന് മുക്തമായല്ലോ എന്ന ആശ്വാസത്തിൽ വിശ്രമിക്കുകയായിരുന്നു നമ്മൾ. അല്ലാതെ വാപ്പ മരിക്കുന്നതിനെ പറ്റി ചിന്തിക്കാനോ അത് കാത്തിരിക്കാനോ ഞങ്ങൾക്ക് കഴിയില്ലല്ലോ. എത്രയോ തവണ മരണത്തെ മുഖാമുഖം കണ്ട് മരണമെന്ന ആ മഹപാതകിയെ അതിജീവിച്ചതാണ് വാപ്പ. ആ സന്ദർഭത്തെ മുതലെടുത്താണ് മരണം പാത്തു പതുങ്ങി ഉറക്കത്തിലായിരുന്ന വാപ്പയുടെ ദേഹത്തിനല്ല്ലിൽ അന:ധികൃതമായി  പ്രവേശിച്ച് ആ ജീവൻ മോഷ്ടിച്ച് കടന്നുകളഞ്ഞത്.

മരണം നമ്മളെ കബളിപ്പിക്കുന സമയങ്ങളിൽ ഞാൻ പുറത്തിറങ്ങി ഒരു കസേരയിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്നു. വാപ്പയെ കാണാൻ വന്ന ബന്ധുക്കളുമായി സൊറപറഞ്ഞ് ഉമ്മ വാപ്പയുടെ അരികിൽതന്നെ ഉണ്ടായിരുന്നു. വാപ്പ ഉണർന്നിരുന്നെങ്കിൽ അല്പം  കഞ്ഞിയെങ്കിലും കൊടുക്കാമായിരുന്നു എന്ന് കാത്തിരിക്കുകയായിരുന്നു നമ്മൾ .വാപ്പ ഉണർന്നിട്ട് വല്ലതും സംസാരിച്ചിട്ട് പോകാനിരിക്കുകയായിരുന്നു അന്നു വന്ന ബന്ധുക്കൾ. വൈകുന്നേരത്തോടെ ഉറക്കം അല്പം നീണ്ടുപോകുന്നല്ലോ, ഇനി  മതിയെന്ന് കരുതി ഞങ്ങൾ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് മനസ്സിലായത് നമ്മളെയെല്ലാം കബളിപ്പിച്ച് പാത്തു പതുങ്ങിയെത്തിയ മരണം ആ ജീവനുംകൊണ്ട് കടന്നുകളഞ്ഞത്. അതോ ഇനി നമ്മളാരും  വാപ്പയ്ക്കു വേണ്ടി പ്രയാസപ്പെടേണ്ട, ഈ വേദനയൊന്നും താങ്ങാൻ എനിക്ക് ഇനി വയ്യതാനും, ഞാനങ്ങ് പോയേക്കാം  എന്നു പറഞ്ഞ് മരണത്തെ വിളിച്ചു വരുത്തി നമ്മളോട് യാത്രപോലും പറയാതെ വാപ്പ പോയതാണോ? വാർദ്ധക്യത്തിൽ സാധാരണമെന്ന പോലെ ചക്രശ്വാസം വലിച്ച് കണ്ടു നിൽക്കുനവരെ പ്രയാസപ്പെടുത്താതെ ആ ഒരുറക്കത്തിൽ നിന്ന് വാപ്പ  മന:പൂർവ്വം ഉണരാതിരുന്നതാണോ? എങ്ങനെയായാലും അത് വാപ്പയുടെ അവസാനത്തെ ഉറക്കമായിരുന്നു.

മരണം സ്ഥിരീകരിക്കപ്പെടുമ്പോഴും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെട്ട ആനിമിഷങ്ങൾ ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. വാപ്പ മരിച്ചുവെന്ന് ആരോടും വീളിച്ചു പറയാൻ തന്നെ മടിച്ചു നിന്ന നിമിഷങ്ങൾ! ദിവസങ്ങളോളം കല്ലമ്പലത്തിനടുത്തുള്ള  ആ സ്വകാര്യ ആശുപത്രയിൽ ഐ സി യൂണിറ്റിലും അതിനോട് ചേർന്നുള്ള എച്ച് ഡി റൂമിലുമായി കിടത്തിയിരുന്ന വാപ്പയെ രണ്ട് മൂന്ന് ഡയാലിസുകൾ തുടർച്ചയായി നടത്തി ഒരുവിധം രോഗശമനം പ്രത്യക്ഷപ്പെട്ടപ്പോൾ സാധാരണ മുറിയിലേക്ക് മാറ്റിയിരുന്നു. ഒന്നോ രണ്ടോ ദിവസം കൂടി കഴിയുമ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും നമ്മളും. വാപ്പ പലപല ആശുപത്രികളിലായി ഒരുപാട് തവണ കിടന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രയാസങ്ങൾ അനുഭവിച്ചത് ഈ ആശുപത്രിവാസ കാലത്തായിരുന്നു. ടോയ്ലറ്റിലെ ചെറിയൊരു വീഴ്ചയിൽ ഒരു കൈക്ക് പൊട്ടലുണ്ടായി ആ കൈയുടെ ശേഷി നഷ്ടപ്പെട്ടിടം മുതൽക്കായിരുന്നു അസുഖങ്ങളെല്ലാം ഗുരുതരമായി മാറിയത്.

അനസ്തേഷ്യ നൽകി കൈക്ക് ഓപ്പറേഷൻ നടത്തണമെന്നും നടത്തേണ്ടെന്നും രണ്ടഭിപ്രായം വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്നു. അനസ്തേഷ്യയുടെ ഡോക്ടർ അതിൽ അല്പം റിസ്ക് ഉണ്ട് എന്ന് പറഞ്ഞതു മുഖവിലയ്ക്കെടുത്താണ് ആ ഓപ്പറേഷൻ ഒഴിവാക്കിയത്. ദീർഘസ്നാളായി നെഫ്രോളജി ട്രീറ്റ്മെന്റിലിരിക്കുന്ന, ഇടയ്ക്കിടെ കടുത്ത ശ്വാസം മുട്ട് വന്ന് മരണവെപ്രാളപ്പെടുന്ന ഒരു രോഗിക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തുന്നതിനോട് ഡോക്ടർമാർക്കിടയിലും ബന്ധുക്കൾക്കിടയിലും രണ്ട് പക്ഷമുണ്ടായപ്പോൾ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. സർജറിക്കിടയിൽ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ദു:ഖം പിന്നെ ഒരിക്കലും മാറില്ല. അല്പം വേദനകളും അസ്വസ്ഥതകളും അനുഭവിച്ചാലും ഒരു  ദിവസമെങ്കിലും വാപ്പ അധികം ജീവിക്കണമെന്നായിരുന്നു നമ്മുടെ മോഹം. ആ തീരുമാനത്തിന് ന്യായീകരണമുണ്ടെങ്കിലും ആ സർജറി ചെയ്യാതിരുന്നതിൽ പിന്നീട് എനിക്ക് വലിയ പശ്ചാത്താപം തോന്നിയിട്ടുണ്ട്. ഒരു പക്ഷെ ആ അനസ്തേഷ്യയോ സർജറിയോ  കാരണമായി മരണപ്പെട്ടിരുന്നെങ്കിൽപോലും ഇത്രയും നിരാശ ഉണ്ടാകുമായിരുന്നില്ലെന്ന ചിന്ത എപ്പോഴും എന്റെ മനസ്സിൽ പലപ്പോഴും  രൂപപ്പേടാറുണ്ട്; ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ലെങ്കിലും!  
കഴിഞ്ഞ തിരുവോണദിനം ഒരു ആഗസ്റ്റ് 25 ആയിരുന്നു. അതാണ് എന്റെ പിതാവ് എ. ഇബ്രാഹിംകുഞ്ഞ് സാറിന്റെ ചരമദിനം. അന്നൊരു തിരുവോണമായിരുന്നതുകൊണ്ട് എന്റെ മനസ്സിൽ ആ കലണ്ടർ തീയതിയെക്കാൾ തിരുവോണമാണ് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്. വാപ്പാക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു തിരുവോണം. അന്ന് ഉച്ചയ്ക്കും സായാഹ്നത്തിനും ഇടയ്ക്കുള്ള ഏതോ ഒരു സമയത്താണ് വാപ്പയുടെ ശരീരവും ജീവനും തമ്മിലുള്ള വിനിമയബന്ധം നിലച്ചുപോയത്. പക്ഷെ അതൊക്ക ഭൗതികമായ യാഥാർത്ഥ്യങ്ങൾ മാത്രം. എന്റ് ശരീരവും ജീവൻ എന്ന അദ്ഭുതവും തമ്മിലുള്ള ബന്ധം  നിലച്ചു പോകും വരെ എന്റെ ആത്മാവബോധങ്ങളിലെപ്പോഴും ഒരിക്കലും മരിക്കാത്ത ഒരു അദ്ഭുതമനുഷ്യനായി എന്റെ വാപ്പാ ഉണ്ടായിരിക്കും!
 

ഉത്രാടസദ്യ

ഉത്രാടസദ്യ

അവിടെ കാര്യങ്ങൾ എങ്ങനെയെന്ന് ഫോണിൽ വിളിച്ചു ചോദിക്കുമ്പോൾതന്നെ രാവിലെ മുതൽ ഒരു ജനകീയ ഇടപെടൽ നടന്നതായി അറിഞ്ഞു. ഏതോ ഇലക്ടിക്കൽ വർക്കും കഴിഞ്ഞു വന്ന സ്ഥലത്തെ പ്രധാന പൊതുപ്രവർത്തകൻ അടുക്കള പിടിച്ചടക്കി തേങ്ങ തിരുകിയിട്ട് പോയി. പത്തനാപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ കടയിൽ കയറിയ കെ.എസ്.എഫ്.ഇ മാനേജർ ചോറടുപ്പ് പിടിച്ചെടുത്ത് അരി ഊറ്റിയിട്ട് തിരക്കിട്ട് പോയി. ഇന്ന് പ്രത്യേകസദ്യയുടെ തിരക്കുകൾ കാണുമെന്നറിഞ്ഞ് ഫ്രീപ്പൊതിയും മറ്റ് പാഴ്സലുകളും കെട്ടാൻ പത്ത് കിലോമീറ്റർ താണ്ടി സർവ്വേ ഡിപ്പാർട്ടുമെന്റിലെ പ്രധാന സർവ്വെയറും എത്തി. പിന്നെ പതിവുപോലെ ന്യൂജെൻസും. സദ്യവട്ടങ്ങൾ ആയപ്പോഴാണ് ഞാനെത്തുന്നത്. അപ്പോഴേയ്ക്കും ആൾത്തിരക്കായിരുന്നു. യാത്രക്കാർ ഊണിനുകയറി തിരക്കായപ്പോൾ ഉണ്ണാൻ വന്ന തദ്ദേശ വാസികൾ വിളമ്പുകാരായി.അങ്ങനെ മറ്റ് വിശേഷ ദിവസങ്ങളിലെന്നപോലെ ഇന്നത്തെ സദ്യ ജനകീയമായി. ആരെയും പ്രത്യേകമായി ക്ഷണിച്ചു വരുത്തിയതല്ല. അറിഞ്ഞും അറിയാതെയും പതിവുപോലെയും അല്ലാതെയും അവിടെ വന്നവരായിരുന്നു എല്ലാവരും. ഞങ്ങളുടെ ചെറിയ കൂട്ടായ്മയിൽ തുടങ്ങിയ ചെറിയ സംരംഭത്തിന് ഇവ്വിധം സഹായങ്ങളും പ്രോത്സാഹനങ്ങളും സഹകരണവും നൽകുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും ഉപഭോക്താക്കൾക്കും നന്ദി! ഇന്നത്തെ വേറിട്ട സദ്യ കഴിച്ചവരെല്ലാം തൃപ്തരാണെന്ന് കരുതുന്നു. ഓണാവധിക്ക് മുമ്പുള്ള അവസാന സദ്യ ഇന്നായിരുന്നു. ഇനി അഞ്ചു ദിവസത്തെ അവധിക്ക് ശേഷം അടുത്ത തിങ്കളാഴ്ചയേ തുറക്കൂ. എല്ലാവർക്കും തൃപ്തി കല്യാണി പ്രവർത്തകരുടെ ഓണാശംസകൾ!

സൗജന്യ പൊതി വിതരണം

തൃപ്തി കല്യാണിയിലെ സൗജന്യ പൊതി വിതരണത്തിനെത്തിയ സ്ഥലത്തെ ന്യൂജെൻസ് ബോയ്സ് പാഴ്സൽ കൗണ്ടർ പിടിച്ചടക്കിയപ്പോൾ........




Sunday, September 8, 2019

തൃപ്തി കല്യാണിയെപ്പറ്റി അല്പം ചിലത്

 തൃപ്തി കല്യാണിയെപ്പറ്റി

തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിനടുത്ത് തട്ടത്തുമല ജംഷ്ഷനോടടുത്ത് വാഴോട് സ്റ്റേറ്റ് ഹൈവേയോട് ചേർന്ന് പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ ശാലയാണ് തൃപ്തി കല്യാണി സദ്യാലയം. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 3-30 വരെയാണ് സാധാരണ പ്രവർത്തന സമയം. പരമാവധി വില കുറച്ച് മായം കലരാത്ത വൃത്തിയുള്ള ഭക്ഷണം വൃത്തിയുള്ള ചുറ്റുപാടിൽ നൽകുക എന്നതാണ് തൃപ്തി കല്യാണിയുടെ ലക്ഷ്യം.

ഊണും പൊരിച്ച മീനും മീന്റെ കറിയും പായസവും മറ്റ് കറികളും തൊടുകറികളും ഉൾപ്പെടെ ഒരു ചെറു സദ്യയുടെ രൂപത്തിലാണ് ഇവിടെ ഭക്ഷണം നൽകുന്നത്. പൊരിച്ച മീനുൾപ്പെടെ 70 രൂപയും പൊരിച്ച മീൻ ഇല്ലാതെ 50 രൂപയുമാണ് നിലവിലുള്ള വിലനിരക്ക്. ഇത്  80 രൂപയും 60 രൂപയുമായി പിന്നീട് വർദ്ധിപ്പിച്ചുവെന്ന് വരാം.മീനിന്റെ അഭാവത്തിൽ  ഓംലെറ്റും ലഭ്യമാണ്. ഇവിടെ ഇറച്ചി ലഭ്യമല്ല.

വാഴയിലയിലാണ് സാധാരണയായി എന്നും സദ്യ നൽകുന്നത്. വാഴയില ലഭ്യമാകാതെ വരുന്ന ദിവസങ്ങളിൽ മാത്രം കൃത്രിമ ഇല ഉപയോഗിക്കുന്നു. പതിവായി ഹോട്ടൽ ഭക്ഷണം കഴിക്കേണ്ടി വരുന്ന സാധാരണക്കാർക്കും തൊഴിലാളികൾക്കും താങ്ങാവുന്ന വിലയിൽ വിശപ്പിനാഹാരം നൽകുക എന്നതാണ്  തൃപ്തി കല്യാണിയുടെ നയം. അമിത ലാഭം പ്രതീക്ഷിക്കുന്നില്ല.

ഒരു സ്വയം തൊഴിൽ സംരംഭമായ തൃപ്തി കല്യാണി സദ്യാലയം ഇതിന്റെ  പ്രവർത്തകരുടെ കൂടി ഭക്ഷണാവശ്യം നിർവഹിക്കുന്നതിനും ഏതാനും പേർക്ക് തൊഴൽ ലഭ്യമാക്കുന്നതിനും അല്പം ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും  കൂടി ഉദ്ദേശിച്ച് ആരംഭിച്ചിട്ടുള്ളതാണ്.

കച്ചവടതാല്പര്യത്തിലുപരി ജീവകാരുണ്യപരമായ ചില എളിയ പ്രവർത്തനങ്ങളും തൃപ്തി കല്യാണി പ്രവർത്തകർ നടത്തി വരുന്നുണ്ട്. അതിലൊന്നാണ് കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള നിർദ്ധനരും നിരാലംബരുമായ കുറച്ചുപേർക്ക് നൽകുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം.  ' കനിവ് ' എന്ന പേരിലുള്ള ഒരു പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങോടെയാണ് ഒരു നേരത്തെ ഈ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്.

ഇതെഴുതുന്ന സമയത്ത് ഇരുപത് പേർക്ക് സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. ഇത് വർദ്ധിപ്പിച്ച് മുപ്പത് പേർക്കെങ്കിലും നൽകണമെന്ന് ഉദ്ദേശിക്കുന്നുണ്ട്.  ചിലർ കടയിൽ നേരിട്ട് വന്ന് വാങ്ങുന്നു. വരാൻ കഴിയാത്തവർക്ക് തൃപ്തി കല്യാണി പ്രവർത്തകർ നേരിട്ട് കൊണ്ടു കൊടുക്കുന്നു. ഈ പ്രവർത്തനം ഒരു വലിയ കാര്യമൊന്നുമല്ലെങ്കിലും സമൂഹത്തിൽ ചെയ്യാവുന്ന ഒരു നന്മ എന്ന നിലയിൽ ഇത് തുടരണമെന്നാണ് ആഗ്രഹം.

തുടങ്ങി മൂന്ന് മാസം പിന്നിടുമ്പ തന്നെ ഉപഭോക്താക്കളുടെ എണം വർദ്ധിച്ചു വരുന്നത് ഞങ്ങൾക്ക് പ്രചോദനവും പ്രതീക്ഷയും നൽകുന്നു.  ഗവർണ്മെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും മറ്റും എല്ലാവിധ ആരോഗ്യ-ശുചിത്വ നിബന്ധനകളും പരമാവധി പാലിച്ചുകൊണ്ടാണ് ഹോട്ടൽ തൃപ്തി കല്യാണി സദ്യാലയം പ്രവർത്തിക്കുന്നത്.

Friday, July 26, 2019

സൗജന്യ ഭക്ഷണപ്പൊതി വിതരണം

സൗജന്യ ഭക്ഷണപ്പൊതി വിതരണം

2019 ആഗസ്റ്റ് 1 മുതൽ പ്രവാസി സംഘടനയായ കനിവിന്റെ സഹായത്തോടെ തൃപ്തി കല്യാണി സദ്യാലയത്തിൽ നിന്നും നിർദ്ധനർക്കുള്ള സൗജന്യ ഉച്ചഭക്ഷണപ്പൊതി വിതരണം ആരംഭിക്കും. അർഹരായി ശുപാർശചെയ്യപ്പെട്ടവർക്ക് അവരുടെ വീടുകളിലോ പരിസരത്തുള്ള സൗകര്യപ്രദമായ കേന്ദ്രങ്ങളിലോ  പൊതി എത്തിക്കുകയാണ് ചെയ്യുക. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് ഭക്ഷണപ്പൊതി എത്തിക്കാൻ ശ്രമിക്കും. 31-ന് ഇതിന്റെ ട്രയൽ വിതരണം നടത്തും.പ്രത്യേകിച്ച് ഔപചാരികമായ ചടങ്ങുകൾ തൽക്കാലം ഒഴിവാക്കുന്നു. ആദ്യം പരിപാടി വിജയിക്കട്ടെ.

ഞായറാഴ്ചയും തൃപ്തി കല്യാണി തുറക്കും

ഞായറാഴ്ചയും തൃപ്തി കല്യാണി തുറക്കും

ഇനി മുതൽ തൃപ്തി കല്യാണി സദ്യാലയത്തിന് അവധിയില്ല. ഞായറാഴ്ചയും പതിവ് പോലെ ഹോട്ടൽ പ്രവർത്തിക്കും.