Wednesday, June 12, 2019

ഹോട്ടൽ തൃപ്തി കല്യാണി സദ്യാലയം



തിരുവനന്തപുരം ജില്ലയിൽ തട്ടത്തുമലയിൽ ആണ് തൃപ്തി കല്യാണി സദ്യാലയം.  കിളിമാനൂരിനും നിലമേലിനുമിടയിൽ സ്റ്റേറ്റ് ഹൈവേയ്ക്ക് (എം സി റോഡ്) അരികിൽ തട്ടത്തുമല ജംഗ്ഷനു സമീപം  വാഴോട് സ്ഥിതി ചെയ്യുന്ന സാധാരണക്കാരുടെ ഭക്ഷണശാലയാണ് ഈ ഹോട്ടൽ. വലിയ ആർഭാടങ്ങളോ ആഡംബരങ്ങളോ ഒന്നുമില്ല.ഉച്ചയൂണിന് മുഖ്യ പ്രാധാന്യം കൊടുത്തുകൊണ്ട് ആരംഭിച്ചിട്ടുള്ള ഒരു ചെറിയ സംരഭമാണ് ഇത്. പരമാവധി കുറഞ്ഞ വിലനിരക്കിൽ വീട്ടിലെ പോലെ വൃത്തിയുള്ള ഭക്ഷണം എന്നതാണ് ഈ ഭക്ഷണ ശാലയുടെ എന്നത്തെയും ലക്ഷ്യം.

സ്ഥിരമായി ഹോട്ടൽ ഭക്ഷണം കഴിക്കുന്ന ഈ പ്രദേശവാസികളിൽ ചിലരുടെ കൂട്ടായ്മയിൽ  അവരുടെ ഭക്ഷണാവശ്യം നിർവ്വഹിക്കുന്നതിനും മറ്റ് ആവശ്യക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണം നൽകുന്നതിനും ഒരു സ്വയം തൊഴിൽ സംരഭം, ചെറിയൊരു തൊഴിൽദാന സരംഭം എന്നീ നിലകളിലും കുടുംബശ്രീ പ്രവർത്തകരായ ഏതാനും സ്ത്രീകളുടെ സഹകരണത്തോടെ ആരംഭിച്ചതാണ് ഈ സദ്യാലയം. വിഭവങ്ങൾക്ക് രുചി വർദ്ധിപ്പിക്കുന്നതിനു വേണ്ടി യാതൊരുവിധ കൃത്രിമപദാർത്ഥങ്ങളും തൃപ്തി കല്യാണിയിൽ ഉപയോഗിക്കുന്നില്ല. പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ ഇവിടെ ഒരു കാരണവശാലും ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല.

ഉച്ചയൂണിനു പുറമെ ചായ, കാപ്പി, ആവിയിൽ വേവുന്ന പലഹാരങ്ങൾ, ജൂസുകൾ, കുടം മോര്  മറ്റ് പാനീയങ്ങൾ എന്നിവയാണ് ഇവിടെ ലഭിക്കുക.  മീൻ കറി പൊരിച്ച മീൻ, പായസം എന്നിവയോടു കൂടിയ  സദ്യയാണ് സാധാരണ നിലയിൽ ഉച്ചയ്ക്ക് ഇവിടെ നൽകുക. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3.30 വരെ ഊണ് ലഭിക്കും.  മീനും മുട്ടയുമല്ലാതെ മറ്റ് മാംസ ഇറച്ചി മുതലായ ഭക്ഷണങ്ങൾ സാധാരണയായി ഇവിടെനൽകുന്നില്ല. മീനിന്റെ അഭാവത്തിൽ ചില ദിവസങ്ങളിൽ മാത്രം ചിക്കൻ കറി ലഭ്യമാക്കുന്നു. തുടക്കത്തിൽ മീൻ വറുത്തതില്ലാതെ ഊണിന് 50 രൂപയും പൊരിച്ച മീൻ ഉൾപ്പെടെയുള്ള ഊണിന് 70 രൂപയുമാണ് ഈടാക്കി വരുന്നത്. ഇത് 60, 80 എന്ന ക്രമത്തിൽ ചെറിയൊരു വർദ്ധനവ് ആലോചിക്കുന്നുണ്ട്.

ഈ ഹോട്ടലിന്റെ അടുത്ത പരിസരങ്ങളിൽ വിവിധതരം ജോലികൾ ചെയ്യുന്നവർക്കും വഴിയാത്രക്കാർക്കും മിതമായ നിരക്കിൽ വൃത്തിയുള്ള ഭക്ഷണം ഇവിടെ നൽകി വരുന്നു. ഗവർണ്മെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും മറ്റും എല്ലാവിധ ആരോഗ്യ-ശുചിത്വ നിബന്ധനകളും പരമാവധി പാലിച്ചുകൊണ്ടാണ്  ഹോട്ടൽ തൃപ്തി കല്യാണി സദ്യാലയം പ്രവർത്തിക്കുന്നത്.

No comments: